ഉദ്യാനപാലകന്‍
മഹിതമീ വിദ്യാലയാങ്കണത്തില്‍
മതി കവര്‍ന്നുണ്ടൊരു പുഷ്പവാടി
പനിമലര്‍, ചേമന്തി, ചെമ്പരത്തി,
പകരുന്നു വര്‍ണപരിമളങ്ങള്‍.
മധുരസമുണ്ടു മൂളുന്നു ചുറ്റും
മധുകര മക്‌ഷികാ പക്‌ഷിജാലം
അതുവിധം വിദ്യാലയത്തിനുള്ളില്‍
അതുലാഭ മുണ്ടൊരു സൂനവാടി.
അതിലെഴും പൂവുകള്‍ പുസ്തകങ്ങള്‍
മധു നുകരുന്നു മനിക്കിടാവുകള്‍
അതു മൃദുമര്‍മ്മരമഞ്ജുനാദാല്‍
കുതുകദം തേനീച്ചക്കൂടുപോലെ
പലരു മു,ണ്ടുദ്യാന പാല,രെന്നാല്‍
തലവനായോരീ ക്കൃശാംഗനത്രെ
ജലമേകി, വളമേകി, ക്കൂട്ടരൊത്തീ
മലര്‍വാടി നന്നായി വളര്‍ത്തീടുന്നു
വെറുമൊരു പൂന്തോട്ടക്കാരനല്ലീ
ചെറുനര, നുന്നത കര്‍മ്മയോഗി,
ദിശി ദിശി സാമൂഹ്യസേവനത്തില്‍
കൃഷി നടത്തുന്നോരു കര്‍ഷകാഗ്ര്യന്‍
പെര്യോരു ഭാരം ചുമക്കയാലോ
നെറുകയെ നേര്‍ത്ത തഴമ്പു മൂടി!
പൊതുജന സേവന കൌതുകത്തിന്‍
മധുരിമ മാത്രമീപ്പുഷ്പവാടി.
ഉലകമടിക്കടി ധൂസരമായ്
ഉയരുന്നു ദുര്‍ഗ്ഗന്ധ പൂരമെങ്ങും.
അതിലാത്മ സൌഹൃദപ്പുഞ്ച പാവാന്‍,
അറിവിണ്റ്റെ സൌരഭ ത്തോപ്പുയര്‍ത്താന്‍,
പണിയു മീസ്സൌമ്യന്‍ വിയര്‍പ്പുമുത്തില്‍
പണമോ പദവിയോ തേടിടാത്തോന്‍
ഒരു വാഗ്മിയെങ്കിലു മല്‌പഭാഷി,
അറിവിന്‍ നിറവില്‍ വിനയശാലി,
ഗൃഹിയാകിലു മവധൂത തുല്യന്‍,
സഹിയാത്ത മാലിലും സ്വസ്ഥചിത്തന്‍,
മിതവൃത്തി, യീ മാന്യനെങ്ങുനിന്നീ
മിഴിവുറ്റ സംസ്കാര സിദ്ധി നേടി?
ശിവഗിരിയാണ്ട ഗുരുവില്‍ നിന്നോ,
സബര്‍മതി വാണ നേതാവില്‍ നിന്നോ?
ഹൃദയ സുമങ്ങളാ ലര്‍ച്ച ചേയ്‌വൂ
സതത മവരെ യി സ്സാധൂ ശിഷ്യന്‍
പിരികയാണീ പ്രിയ തോഴ, നാര്‍ത്ത
പരിചരണോത്സുക, നിങ്ങു നിന്നും.
വിടചൊല്ലു മച്ഛനോ, ടീ വനിയില്‍
വിടരുന്ന പൂവുകള്‍ നോവുമുറ്റി
'വിടുകയില്ല ഞങ്ങ'ളെന്നല്ലി ചൊല്‍വൂ
ഇടറുന്ന മൂകവര്‍ണ്ണങ്ങളാലേ!
പുനരെന്തു ചൊല്ലാവൂ നമ്മള്‍, 'അങ്ങു
പുളകിത മാക്കുകീ നാടു നീണാള്‍'
വൈലോപ്പിള്ളി ശ്രീധരമേനോന്‍
അക്കിത്തം അച്യുതന്‍ നമ്പൂതിരി
വേലായുധ സങ്കീര്‍ത്തനം
വേലായുധമാക്കീലീ
വേലായുധനെന്ന മാതൃകാപുരുഷന്‍
വേലയെയല്ലോ താനനു –
വേലം കൈക്കൊണ്ടായുധം പോലെ
അറിവിജ്ജീവാത്മാവി –
ന്നാജന്‍മായത്തമായ സൌഭാഗ്യം;
അജ്ഞതയൊന്നേയുള്ളു
താനറിയുന്നില്ല തണ്റ്റെ പാണ്ഡിത്യം.
നിറകുടമിദ്ദേഹത്തിന്‍
ചിരിപോലും ദിവ്യമായൊരാശ്വാസം
മൊഴിയും ചെയ്തിയുമാട്ടേ,
നിര്‍വൃതി വര്‍ഷിപ്പൂ ചുറ്റിലും നിഭൃതം.
- അക്കിത്തം
നമിക്കുന്നു ഗുരോ! തവ ചരണങ്ങളില്‍
ഞാനര്‍പ്പിക്കുന്നു നിന്‍ സ്മരണതന്‍ പൂച്ചെണ്ടുകള്‍.
- എ. ആര്‍. രാമന്‍, കുട്ടനെല്ലൂര്‍
കെ. അനിത
ദീപമേ നയിച്ചാലും
ഒരു തുളസീദളം; ഇറ്റുവീഴാതുള്ളൊരശ്രുബിന്ദുവും
നിന്‍ സ്മരണക്കു മുന്നിലായ്...
നമിക്കട്ടെ ശിരസ്സു ഞാനവിടുത്തെ ശീതള –
ഛായ തന്നോര്‍മയില്‍
പൊള്ളും വെയിലിലും, താളം പിടിക്കുമിലച്ചാര്‍ത്തിനാ –
ലന്യര്‍ക്കുള്ളില്‍ തണുപ്പേകും തണലായ്; ജീവിതം
ധന്യമാക്കി നീ സ്വയമറിയാതെ, കര്‍മ്മശാസ്ത്ര വിശ്വാസത്താല്‍!
പശിയകറ്റാന്‍ പഴങ്ങളുമതിലേറെയായ് ജീവവായുവും,
തത്തിക്കളിക്കാനിളം ചില്ലകള്‍, തളിര്‍കളും,
കൂടു കൂട്ടാനുയരെയാകാശക്കൊമ്പിലിടവും,
നല്‌കി നീ, വന്‍ വൃക്ഷമേ...
മഹത്തുക്കളെന്നും ഫലേച്ഛ വെടിഞ്ഞവര്‍! തന്‍
മഹത്വമന്യര്‍ക്കേകാനവസരം കാത്തിരിക്കുന്നോര്‍!
അങ്ങോ, അക്ഷരചിത്രങ്ങള്‍ക്കതീതനായ്,
ആയിരത്തിരി വെളിച്ചമായ് ഞങ്ങള്‍ക്കരികില്‍ വിളങ്ങിയോന്‍...
മദ്ധ്യാഹ്നാര്‍ക്കനായ് നിന്നീ ഖദ്യോതങ്ങള്‍ക്കൊരു പാത കാട്ടിയോന്‍ ...
കൊടും ശിലകളിലും കുളിരായ് തഴുകിക്കടന്നു പോ മരുവിയായ്...
ശാന്തതയുള്ളിലൊതുക്കും സാഗരമായ്
എരിവെയിലില്‍ തണുപ്പിക്കുമിളം കാറ്റായ് ...
ഈ സരസ്വതീക്ഷേത്രത്തിന്നരയാലായ്...
കൂരിരുട്ടായജ്ഞത പേപിടിപ്പിച്ചിടവേയെത്തും നിറനിലാവായ്...
ആശയായ്, ആശ്വാസമായ്, ആശങ്ക തീര്‍ക്കുമാശീര്‍ വാദമഴയായ് ..
ആയുഷ്കാല മാര്‍ഗ്ഗദീപമായ്...
അനേകങ്ങള്‍ക്കറിവിന്‍ നിറതണലെകിയാശ്വസിപ്പിച്ചോന്‍ ...
അറിവിന്നാവനാഴിയിലമ്പുകള്‍ തീരാത്തവന്‍ ...
സ്വജീവിതം തന്നെ സന്ദേശമെന്നേറ്റം
മൌനത്താലുദ്ഘോഷിച്ചോന്‍...
വൈദ്യര്‍ തന്‍ വിദ്യാനികേതനങ്ങള്‍ക്കെന്നുമേ നാഥനായ്
ആദര്‍ശ വേല്‍ ആയുധമാക്കിയെന്നുമടരാടി നിന്നോന്‍ ...
ഒരു തുളസീദളം, പിന്നെ,
യിറ്റുവീഴാതുള്ളൊരശ്രു ബിന്ദുവും, നിന്‍ സ്മരണക്കുമുമ്പിലായ്...
ദീപമേ നയിച്ചാലും!
കെ. അനിത